ഉന്മാദിയുടെ കരുനീക്കങ്ങൾ
സ്റ്റെഫാൻ സ്വെയ്ഗ് എന്ന ജർമ്മൻ എഴുത്തുകാരൻ അവസാനമായി എഴുതിയ കഥയാണ് 'ദി റോയൽ ഗെയിം'. കൃത്യമായി പറഞ്ഞാൽ, രണ്ടാം ലോകമഹായുദ്ധം മൂർദ്ധന്യാവസ്ഥ പ്രാപിച്ച 1941ൽ. യൂറോപ്പിന്റെ സങ്കടകരമായ സ്ഥിതിഗതികളും ലോകജനതയുടെ തകർച്ചയും വിഷാദനാക്കി മാറ്റിയ ഒരു മനുഷ്യന്റെ അക്ഷരാവിഷ്കരണമായി വേണം ഈ പുസ്തകത്തെ കരുതാൻ. ലോകത്തിൽ ചെസ്സ് കളിയെ ആധാരമാക്കി രചിക്കപ്പെട്ടിട്ടുള്ള കഥകളിൽ ഏറ്റവും പ്രഗത്ഭമായ കഥയാണിത്.
ഡോ.ബിയുടെ ഭൂതകാലവിവരണത്തിലൂടെ നാസി അധിനിവേശത്തിന്റെ ഇരുണ്ട കാലത്തേക്കാണ് സ്വെയ്ഗ് വായനക്കാരനെ കൂട്ടികൊണ്ടു പോകുന്നത്. അടിച്ചമർത്തപ്പെട്ട മനസിന്റെ പിടച്ചിലുകളും അതിൽ നിന്നുള്ള മോചനത്തിനായി സ്വയം കണ്ടെത്തുന്ന മാർഗ്ഗങ്ങളും അത്ര ജൈവീകമായി പറഞ്ഞു പോകുന്നു. ഒരാൾക്ക് മറ്റൊരാളോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത അയാളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുക എന്നതാണ്. സത്വബോധത്തോടു സ്വതന്ത്രമായി ജീവിക്കാൻ കഴിയാതെ പോകുന്ന അവസ്ഥ എത്ര വിഭ്രാത്മകമാണ് എന്ന് അറിയാൻ കഴിയുന്നതിനൊപ്പം, എത്ര കഠിനമായ അതിജീവനവഴികളും കടന്നു പോകാൻ പ്രാപ്തരാണ് നാം ഓരോരുത്തരും എന്നു ഓർമ്മപ്പെടുത്തുക കൂടി ചെയ്യുന്നു ഈ പുസ്തകം